THE GHOST SHIP
The Ghost Ship, SS Baychimo
1914, Sweden. ഗോതന്‍ബര്‍ഗിലെ ലിന്‍ഡ്ഹോള്‍മെന്‍സ് ഷിപ്‌യാര്‍ഡില്‍ നിന്നും Ångermanelfven എന്ന ആവിക്കപ്പല്‍ നീറ്റിലിറങ്ങുകയാണ്. സ്റ്റീലില്‍ തീര്‍ത്ത, 1322 ടണ്‍ ഭാരമുള്ള ആ കാര്‍ഗോ കപ്പല്‍ ഹാംബര്‍ഗിലെ ഒരു പ്രമുഖ കമ്പനിക്ക് വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുറച്ച് കാലം ഹാംബര്‍ഗിനും സ്വീഡനും ഇടയിലൂടെ സ്ഥിരമായി ഓടിയ കപ്പല്‍ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടന് കൈമാറപ്പെട്ടു.
1921ല്‍ സ്കോട്ട്ലണ്ടിലെ ഹഡ്സന്‍-ബേ കമ്പനിയാണ് കപ്പല്‍ ഏറ്റെടുത്തത്. അവര്‍ കപ്പലില്‍ കുറച്ച് മോഡിഫിക്കേഷന്‍സ് ഒക്കെ വരുത്തി പേര് ബെയ്ച്ചിമോ (SS Baychimo) എന്നാക്കി മാറ്റി. അങ്ങിനെ കാനഡ - അലാസ്ക്ക റൂട്ടില്‍ ഓടാന്‍ തുടങ്ങിയ ഹഡ്സന്‍-ബേ കമ്പനിയുടെ പ്രമുഖ ചരക്ക് കപ്പലായി ബെയ്ച്ചിമോ.
Oct. 1, 1931. അന്നാണ് ബെയ്ച്ചിമോയുടെ വിധി മാറ്റിയെഴുതിയ സംഭവങ്ങളുടെ തുടക്കം. വിക്ടോറിയ ദ്വീപില്‍നിന്നും കോട്ടുണ്ടാക്കാനുള്ള മൃഗത്തോലും രോമങ്ങളും കയറ്റി വാന്‍കൂവറിലേക്കുള്ള യാത്രയിലായിരുന്നു ബെയ്ച്ചിമോ. പെട്ടെന്ന് എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് കൊണ്ട് ക്യാപ്റ്റന്‍ ഊഹിച്ചതിലും വളരെ നേരത്തെ തന്നെ കാലാവസ്ഥ മാറി, തണുത്തുറയുന്ന കടലില്‍പ്പെട്ട് കപ്പല്‍ ഒരു മഞ്ഞുപാളിക്കിടയില്‍ ഉറച്ച് നിന്നു. തീര്‍ത്തും പ്രതികൂലമായ ആ കാലാവസ്ഥയില്‍ അവര്‍ക്ക് കഴിയുന്നതിന്‍റെ പരമാവധി ക്യാപ്റ്റന്‍ ജോണ്‍ കോണ്‍വെല്ലും നാവികരും ശ്രമിച്ചു, പക്ഷെ വീശിയടിക്കുന്ന കാറ്റും, സെക്കണ്ടുകള്‍ കൊണ്ട് തണുത്ത് കൂടുന്ന ഐസും അവരുടെ ശ്രമങ്ങള്‍ എല്ലാം വിഫലമാക്കി. ഐസില്‍ ഒരടിപോലും നീങ്ങാന്‍ സാധിക്കാതെ ബെയ്ച്ചിമോ പെട്ടിരിക്കുന്നു.
മറ്റു വഴികളില്ലാതെ ക്യാപ്റ്റനും നാവികരും കപ്പല്‍ വിട്ടിറങ്ങി, കുറച്ച് ദൂരം ഐസിലൂടെ നടന്ന് അലാസ്ക്കയിലെ ബറോ എന്ന ടൌണില്‍ അഭയം തേടി. കാലാവസ്ഥ അല്പം ശാന്തമായപ്പോള്‍, ഏതാണ്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ക്യാപ്റ്റനും കൂട്ടരും തിരിച്ചെത്തിയപ്പോഴേക്കും കപ്പല്‍ ഐസില്‍നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നു. ആശ്വാസത്തോടെ അവര്‍ വീണ്ടും യാത്ര തുടര്‍ന്നെങ്കിലും വരാനിരുന്നത് അതിലും വലുതായിരുന്നു. ഒക്ടോബര്‍ 8ന് വീണ്ടും കപ്പല്‍ ഐസില്‍ കുടുങ്ങി, ഇത്തവണ ഒരുതരത്തിലും ഊരിപ്പോരാന്‍ പറ്റാത്ത വിധത്തില്‍.
അവസാനം ഒക്ടോബര്‍ 15 ആയപ്പോഴേക്കും ഹഡ്സന്‍ കമ്പനി ക്രൂവിനെ രക്ഷപ്പെടുത്താന്‍ വിമാനമയച്ചു. കപ്പലിലുണ്ടായിരുന്ന 22 പേരില്‍ 15 പേരൊഴിച്ച് ബാക്കിയുള്ളവര്‍ മാത്രം മടങ്ങി. ക്യാപ്റ്റനും, കൂടെയുള്ള 14 പേര്‍ക്കും കാലാവസ്ഥ മാറിയ ശേഷം കപ്പലും കൊണ്ട് തിരിക്കാനായിരുന്നു ഉദ്ദേശം, പിന്നെ കപ്പലിലുള്ള ചരക്കിന്മേല്‍ ഒരു കണ്ണ് വേണമല്ലോ. അതിനായി കപ്പലില്‍നിന്നും അല്‍പ്പം മാറി ഐസില്‍ത്തന്നെ അവര്‍ മരം കൊണ്ടൊരു താല്‍ക്കാലിക ഷെഡ് ഉണ്ടാക്കി അവിടെ കഴിഞ്ഞു. ദിവസങ്ങളോളം അവര്‍ കാത്തിരുന്നെങ്കിലും കാലാവസ്ഥയില്‍ യാതൊരു മാറ്റവും കണ്ടില്ല. ഒക്ടോബര്‍ 24 ആയപ്പോഴേക്കും ശക്തമായ കാറ്റും മഞ്ഞുവീഴ്ച്ചയും തുടങ്ങി, ക്യാപ്റ്റനും കൂട്ടര്‍ക്കും പുറത്തിറങ്ങാന്‍ പോയിട്ട് പുറത്തെ കാഴ്ച്ചകള്‍ പോലും കാണാന്‍ പറ്റാത്തത്ര ശക്തിയില്‍. എങ്ങിനെയെങ്കിലും അവിടെ നിന്ന് മടങ്ങണമെന്ന തീരുമാനത്തില്‍ അവര്‍ ആ രാത്രി കഴിച്ചുകൂട്ടി, പക്ഷെ അവരെ കാത്ത് മറ്റൊരു സര്‍പ്രൈസ് കൂടി അവിടെ നടക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് കാലത്ത് നോക്കുമ്പോള്‍ ഐസില്‍ പെട്ട് കിടന്നിരുന്ന ബെയ്ച്ചിമോയെ കാണുന്നില്ല.
കപ്പലിന് എന്ത് സംഭവിച്ചു? ക്യാപ്റ്റനും നാവികരും മുഖത്തോട് മുഖം നോക്കി. തലേന്ന് നടന്ന കാറ്റിലും മഞ്ഞുവീഴ്ച്ചയിലും ഒരു തരത്തിലും കപ്പലിന് ഐസില്‍ നിന്ന് വിട്ടുപോരാന്‍ സാധിക്കില്ല, കപ്പലിനെ ഐസ് മൂടിയതായും കാണുന്നില്ല. ഇനിയുള്ള ഒരേ ഒരു സാദ്ധ്യത കപ്പല്‍ മുങ്ങിയിരിക്കാം എന്നതാണ്. ക്യാപ്റ്റനും സഹപ്രവര്‍ത്തകരും അങ്ങിനെ തന്നെ സമാധാനിച്ചു. പക്ഷെ ആ സമാധാനത്തിന് ദിവസങ്ങള്‍ മാത്രമാണ് ആയുസുണ്ടായിരുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അലാസ്ക്കയിലെ ആദിമ ഗോത്രത്തില്‍പെട്ട ഒരു സീല്‍ വേട്ടക്കാരന്‍ ക്യാപ്റ്റനോട് ബെയ്ച്ചിമോയെ കണ്ടതായി പറഞ്ഞു. ബെയ്ച്ചിമോ മുങ്ങിയെന്ന് കരുതിയിരുന്നിടത്ത് നിന്നും 71 കിലോമീറ്റര്‍ മാറിയാണത്രേ കപ്പല്‍ കണ്ടത്. ആദ്യം സംഭവം സീരിയസായി എടുത്തില്ലെങ്കിലും ഒന്ന് പോയി നോക്കിയേക്കാം എന്ന് ക്യാപ്റ്റന്‍ തീരുമാനിച്ചു. അങ്ങിനെ കമ്പനിയെ അറിയിച്ച് കൊണ്ട് ക്യാപ്റ്റനും കൂട്ടരും ബെയ്ച്ചിമോയെ തേടി യാത്രയായി. പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ദേ കിടക്കുന്നു ബെയ്ച്ചിമോ. കാഴ്ച്ചയില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും വീണ്ടും ഉപയോഗിക്കണമെങ്കില്‍ ധാരാളം പണിപ്പെടേണ്ടി വരും. 'ആ അവസ്ഥയില്‍ ഒരു കാറ്റോ മഞ്ഞുവീഴ്ച്ചയോ നേരിട്ടാല്‍ ഉറപ്പായും മുങ്ങുമെന്ന സ്റ്റേജിലാണ് കപ്പല്‍' എന്ന് ക്യാപ്റ്റന്‍ കമ്പനിയെ അറിയിച്ചു. കമ്പനിക്കാണെങ്കില്‍ ആ കപ്പലില്‍ കൂടുതല്‍ പണം മുടക്കാന്‍ താല്പര്യമില്ലായിരുന്നു. അങ്ങിനെ കപ്പലിലെ ചരക്കുകള്‍ മൊത്തം മാറ്റിയിട്ട് കപ്പലിനോട് എന്നെന്നേക്കുമായി ക്യാപ്റ്റനും നാവികരും വിട പറഞ്ഞു. പക്ഷെ എങ്ങിനെ കപ്പല്‍ അത്തരം മോശം കാലാവസ്ഥയില്‍ ഐസില്‍നിന്ന് വിട്ട് അവിടംവരെ എത്തി എന്നതിനെക്കുറിച്ച് മാത്രം ഒരു പിടിയും കിട്ടിയില്ല, ആര്‍ക്കും.
മാസങ്ങള്‍ കഴിഞ്ഞു, ഹഡ്സന്‍-ബേ കമ്പനി ബെയ്ച്ചിമോയുടെ കാര്യം പതുക്കെ മറന്ന് തുടങ്ങിയിരുന്നു, അത് മുങ്ങിക്കാണുമെന്ന കാര്യം ഉറപ്പാണല്ലോ. പക്ഷെ കമ്പനിയെ ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം ആ വാര്‍ത്ത വന്നു, ബെയ്ച്ചിമോയെ വീണ്ടും കടലില്‍ കണ്ടിരിക്കുന്നു, ഇത്തവണ അവസാനം കണ്ട സ്ഥലത്ത് നിന്നും കിഴക്ക് മാറി 480 കിലോമീറ്റര്‍ ദൂരെയായി. അതൊരു തുടക്കം മാത്രമായിരുന്നു.
തൊട്ടടുത്ത വര്‍ഷം മാര്‍ച്ചില്‍ നോം എന്ന അലാസ്ക്കന്‍ നഗരത്തില്‍നിന്നും ലെസ്ലീ മെല്‍വിന്‍ എന്നയാള്‍ നോം തീരത്തൂടെ ബെയ്ച്ചിമോ ഒഴുകുന്നതായി കണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. വെറുതെ ഒഴുകുകയല്ല, തീരത്തൂടെ പോകുമ്പോഴുള്ള സ്പീഡ് ലിമിറ്റിലാണ് ബെയ്ച്ചിമോ അവിടം പാസ് ചെയ്തത്. വീണ്ടും മാസങ്ങള്‍ക്ക് ശേഷം ഒരു പര്യവേഷക സംഘവും ബെയ്ച്ചിമോയെ കടലില്‍വച്ച് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
തൊട്ടടുത്ത വര്‍ഷം ഓഗസ്റ്റില്‍ മറ്റൊരു അലാസ്ക്കന്‍ നഗരത്തിനടുത്ത് വച്ച് ബെയ്ച്ചിമോയെ കണ്ട ഒരു കച്ചവടസംഘം അതിനകത്ത് കയറി നോക്കിയെങ്കിലും ഉള്ളില്‍നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലാം താറുമാറായിക്കിടക്കുന്ന ആ അവസ്ഥയില്‍ കപ്പല്‍ എങ്ങിനെ ഒഴുകിനടക്കുന്നു എന്ന് അവര്‍ അത്ഭുതപ്പെട്ടിരുന്നു. അത്രയും ദൂരം ഒഴുകി നടക്കാനുള്ള ഒരു സാധ്യതയും അവര്‍ അതില്‍ കണ്ടിരുന്നില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കടലില്‍ വേട്ടയ്ക്ക് പോയ ഒരു സംഘം എസ്ക്കിമോകള്‍ കപ്പല്‍ കണ്ട് കയറി നോക്കിയെങ്കിലും തിരിച്ചിറങ്ങാന്‍ നേരം പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും അവര്‍ അതിനകത്ത് പെട്ട് കിടന്നു. പത്ത് ദിവസമാണ് അവര്‍ അതിനകത്ത് കഴിഞ്ഞത്, കാലാവസ്ഥ മാറിയപ്പോള്‍ അവര്‍ അതില്‍നിന്നും രക്ഷപ്പെട്ട് കരയിലെത്തി. ഈ സംഭവത്തിന് ശേഷമാണ് കപ്പലിന് ghost ship എന്ന വിളിപ്പേരുണ്ടായത്. സംഭവം ഫ്ലാഷായി ഓഗസ്റ്റ് മാസമായപ്പോഴേക്കും മറ്റു ഷിപ്പിംഗ് കമ്പനികള്‍ ബെയ്ച്ചിമോയെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് ഹഡ്സന്‍-ബേ കമ്പനിക്ക് കത്തെഴുതി. തങ്ങള്‍ക്ക് തിരിച്ചെടുക്കാന്‍ കഴിയന്ന ദൂരത്തിലും അപ്പുറത്താണ് ഇപ്പോള്‍ കപ്പലെന്നാണ് ഹഡ്സന്‍-ബേ അധികൃതര്‍ അവരുടെ നിലപാടില്‍ വ്യക്തമാക്കിയത്.
അടുത്ത വര്‍ഷം വീണ്ടും രണ്ടു തവണ ബെയ്ച്ചിമോയെ കണ്ടതായി ഒരു പായ്ക്കപ്പലും മറ്റൊരു കപ്പലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പായ്ക്കപ്പലിലെ നാവികര്‍ ബെയ്ച്ചിമോയില്‍ കയറി പരിശോധിക്കുകയും ചെയ്തു.
പിന്നെയും കപ്പല്‍ പലയിടങ്ങളില്‍, പല സമയങ്ങളിലായി പ്രത്യക്ഷപ്പെട്ടു. അവസാനം 1939ല്‍ ക്യാപ്റ്റന്‍ ഹ്യൂഗ് പോള്‍സന്‍റെ നേതൃത്വത്തില്‍ കപ്പല്‍ 'പിടിച്ചെടുക്കാന്‍' തന്നെ കൂട്ടാക്കി ഒരു സംഘം അതില്‍ കയറിയെങ്കിലും കടലില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ കനത്ത ഐസിന്‍റെ സാന്നിദ്യം കപ്പലിനെ കെട്ടിവലിച്ച് കൊണ്ടുപോകാമെന്ന അവരുടെ പ്ലാനിനെ ബാധിച്ചു. അങ്ങിനെ ബെയ്ച്ചിമോയെ അവര്‍ക്കും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാരും ബെയ്ച്ചിമോയില്‍ കയറിയതായി വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളില്ല.
അതിനു ശേഷവും പലതവണ കപ്പലിനെ 'പിടിച്ചടക്കാന്‍' പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്നുകില്‍ കാലാവസ്ഥ വില്ലനാകും, അല്ലെങ്കില്‍ കപ്പലിനെ നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. പക്ഷെ ഒരു വിശദീകരണവും ഇല്ലാത്ത തരത്തില്‍ രണ്ടു തവണ ബെയ്ച്ചിമോ തന്നെ ലക്ഷ്യം വച്ച് വന്ന മറ്റു കപ്പലുകളില്‍ നിന്ന് ഒഴിഞ്ഞു മാറിയതായി റിപ്പോര്‍ട്ട് ഉണ്ട്. തന്നെ തൊടാന്‍ സമ്മതിക്കാതെ ഓടുന്ന പോലെ.
പിന്നീട് വളരെ കാലത്തിന് ശേഷമാണ് ബെയ്ച്ചിമോയെ വീണ്ടും കാണുന്നത്, കൃത്യമായിപ്പറഞ്ഞാല്‍ 1962 മാര്‍ച്ച് മാസത്തില്‍, അലാസ്ക്കയുടെയും കാനഡയുടെയും ഇടയില്‍ വരുന്നൊരു പ്രദേശത്ത് വച്ച്.
അവസാനമായി ബെയ്ച്ചിമോയെ കണ്ടതായി രേഖപ്പെടുത്തിയത് 1968ലാണ്, ഐസില്‍ പെട്ട് കിടക്കുന്നതാണ് കണ്ടതെങ്കിലും കാലാവസ്ഥ മാറിയപ്പോള്‍ പിന്നെയും കാണാതായി. അതിനു ശേഷം ആരും ബെയ്ച്ചിമോയെ കണ്ടിട്ടില്ല, പക്ഷെ ആ വഴി യാത്ര ചെയ്യുന്ന എല്ലാ കപ്പലുകളും ഒന്ന് ശ്രദ്ധിക്കും. ആര്‍ക്കും വേണ്ടാത്ത, ആര്‍ക്കും പിടി കൊടുക്കാത്ത ഒരു കപ്പല്‍ എവിടെയെങ്കിലും ഒഴുകി നടക്കുന്നുണ്ടോ എന്ന്.
പിന്നീടാരും തന്നെ ബെയ്ച്ചിമോയെ കണ്ടിട്ടില്ലെങ്കിലും അതൊരു പ്രേത കഥയായി നിലനില്‍ക്കുന്നത് കൊണ്ട് 2006ല്‍ കനേഡിയന്‍-അലാസ്ക്കന്‍ അധികൃതര്‍ ബെയ്ച്ചിമോക്ക് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു, പക്ഷെ ഒന്നും തന്നെ ലഭിച്ചില്ല. അങ്ങിനെ ഒരു കപ്പല്‍ ഭൂമിക്ക് മേലെ ഉണ്ടായിരുന്നു എന്ന തെളിവ് പോലും അവശേഷിപ്പിക്കാതെ ബെയ്ച്ചിമോ എങ്ങോട്ടോ കടന്ന് കളഞ്ഞു. അപകടത്തില്‍പ്പെടുന്ന കപ്പലുകള്‍ സാധാരണായി ഉപേക്ഷിക്കുന്നതും ഒഴുകി നടക്കുന്നതും ഒക്കെ സ്വാഭാവികമാണ്, പക്ഷെ അതൊന്നുമല്ല ബെയ്ച്ചിമോയെ വ്യത്യസ്തമാക്കുന്നത്.
രക്ഷപ്പെടാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഒരു കപ്പല്‍ ഐസില്‍ നിന്നും എങ്ങിനെയോ വിട്ട് പോരുക. ശക്തമായ കാറ്റും, മഞ്ഞു വീഴ്ച്ചയും നടക്കുന്ന സമയം ചുറ്റും കനത്ത് നില്‍ക്കുന്ന ഐസില്‍ നിന്നും രക്ഷപ്പെട്ട് കിലോമീറ്ററുകളോളം ദൂരെ എത്തിപ്പെടുക. മുങ്ങുമെന്ന് സ്വന്തം ക്യാപ്റ്റന്‍ വിധിയെഴുതിയിട്ടും നിയന്ത്രിക്കാന്‍ ആരുമില്ലാതെ കപ്പല്‍ചാലുകളിലൂടെ തലങ്ങും വിലങ്ങും ഒഴുകി നടക്കുക (കാറ്റിനും ഒഴുക്കിനും വിപരീതമായി). കപ്പല്‍ കീഴ്പ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കും, ചിലപ്പോഴൊക്കെ കയറിയവര്‍ക്കും അനുഭവപ്പെട്ട കാലാവസ്ഥാ മാറ്റങ്ങള്‍. തന്‍റെ അടുത്തേക്ക് വന്ന കപ്പലുകളില്‍ നിന്ന് രണ്ടു തവണയോളം തെന്നി മാറി രക്ഷപെട്ടത് പോലുള്ള പ്രതിഭാസങ്ങള്‍.
സത്യത്തില്‍ ഇതില്‍ പലതിനും വിശധീകരണങ്ങള്‍ ഉണ്ട്. പക്ഷെ ഇതൊക്കെ രേഖപ്പെടുത്തിയ നാവികരും പര്യവേഷകരും ചോദിക്കുന്നത്; അവര്‍ നേരിട്ട് അനുഭവിച്ച കാര്യങ്ങള്‍, കേട്ടറിവ് മാത്രമുള്ളവര്‍ വിശദീകരിച്ച് തന്നാല്‍ ന്യായമാകുമോ എന്നാണ്. ഐസ് നിറഞ്ഞ ആ റൂട്ടിലൂടെ സ്ഥിരമായി കപ്പലോടിക്കുന്ന നാവികര്‍ അത്രമാത്രം അനുഭവസമ്പത്തും വൈദഗ്ദ്യവും ഉള്ളവരാണല്ലോ, ഒരു കപ്പലിനെ സംബന്ധിക്കുന്ന അസ്വഭാവികതകള്‍ അവരെക്കാള്‍ നന്നായിട്ട് മറ്റാര്‍ക്കാണ് മനസിലാക്കാന്‍ സാധിക്കുക?
Comments
Post a Comment